ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ വീട് എനിക്കേറെ പ്രിയപ്പെട്ടതാണ്. കാരണം ഇതെന്നെ എന്നിലേക്ക് തന്നെ നടത്തിക്കുന്നു. ഞാനെന്റെ എല്ലാ തിരക്കുകളിൽ നിന്നും എല്ലാ മനുഷ്യരിൽ നിന്നും ഒഴിഞ്ഞ് ശാന്തമായ ഇവിടം ആസ്വദിക്കുകയാണ് . "വേനൽ കൊടും വെയിലാളി തിളക്കുന്നു മീനം കിടാങ്ങൾക്കൊഴിവു കാലം" ഏത് കവിതയിലെ വരികളാണെന്നോ എത്രാം ക്ലാസിൽ പഠിച്ചതാണെന്നോ ഓർമ്മയില്ല. പക്ഷേ ഈ വരികൾ മാത്രം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഇവിടെ വടക്കുവശത്തിരുന്നാൽ നല്ല തണലും കാറ്റുമാണ്. ഈ ഭാഗത്ത് ധാരാളം മരങ്ങളുണ്ട്. ആഞ്ഞിലിയും പ്ലാവുമാണേറെ. ഭയങ്കര പൊക്കത്തിൽ വളർന്നു നിൽക്കുന്ന അവയുടെ മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന പച്ചപ്പിനിടയിലൂടെയാണ് ഞാൻ എൻ്റെ മരങ്ങളെ ഓർമിക്കുന്നത്. അപ്പുറത്തെ റബർ മരങ്ങളുടെ പച്ചിലച്ചാർത്തിനിടയിലൂടെ കാണുന്ന തെളിഞ്ഞ നീലാകാശമാണ് കുട്ടിക്കാലത്തിലേക്കെന്നെ കൊണ്ടുപോയത്. വെയിലും തണലും തീർക്കുന്ന നേർത്ത ഇരുട്ടു പോലെയാണെനിക്ക് ആ ഓർമ്മകൾ. മരങ്ങളുടെ നിഴലുകളാടുന്ന പോലെ പല മനുഷ്യരും മുഖമില്ലാത്തവരായി മനസ്സിലൂടെ കടന്നുപോകുമ്പോഴും എന്നിലെ മരങ്ങൾ അവയുടെ ശക്തമായ വേരുകളാഴ്ത്തി പടർന്നു പന്തലിച്ചു നിൽക്കുന്നു. ഒരിക്കലും ...
Not too much,not too little,the right amount