എൻ്റെ തണലിടങ്ങൾ

  ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ വീട് എനിക്കേറെ പ്രിയപ്പെട്ടതാണ്. കാരണം ഇതെന്നെ എന്നിലേക്ക് തന്നെ നടത്തിക്കുന്നു. ഞാനെന്റെ എല്ലാ തിരക്കുകളിൽ നിന്നും എല്ലാ മനുഷ്യരിൽ നിന്നും ഒഴിഞ്ഞ് ശാന്തമായ ഇവിടം ആസ്വദിക്കുകയാണ് .

"വേനൽ കൊടും വെയിലാളി തിളക്കുന്നു മീനം കിടാങ്ങൾക്കൊഴിവു കാലം"

ഏത് കവിതയിലെ വരികളാണെന്നോ എത്രാം ക്ലാസിൽ പഠിച്ചതാണെന്നോ ഓർമ്മയില്ല. പക്ഷേ ഈ വരികൾ മാത്രം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഇവിടെ വടക്കുവശത്തിരുന്നാൽ നല്ല തണലും കാറ്റുമാണ്. ഈ ഭാഗത്ത് ധാരാളം മരങ്ങളുണ്ട്. ആഞ്ഞിലിയും പ്ലാവുമാണേറെ. ഭയങ്കര പൊക്കത്തിൽ വളർന്നു നിൽക്കുന്ന അവയുടെ മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന പച്ചപ്പിനിടയിലൂടെയാണ് ഞാൻ എൻ്റെ മരങ്ങളെ ഓർമിക്കുന്നത്. അപ്പുറത്തെ റബർ മരങ്ങളുടെ പച്ചിലച്ചാർത്തിനിടയിലൂടെ കാണുന്ന തെളിഞ്ഞ നീലാകാശമാണ് കുട്ടിക്കാലത്തിലേക്കെന്നെ കൊണ്ടുപോയത്. വെയിലും തണലും തീർക്കുന്ന നേർത്ത ഇരുട്ടു പോലെയാണെനിക്ക്  ആ ഓർമ്മകൾ. മരങ്ങളുടെ നിഴലുകളാടുന്ന പോലെ പല മനുഷ്യരും മുഖമില്ലാത്തവരായി മനസ്സിലൂടെ കടന്നുപോകുമ്പോഴും എന്നിലെ മരങ്ങൾ അവയുടെ ശക്തമായ വേരുകളാഴ്ത്തി പടർന്നു പന്തലിച്ചു നിൽക്കുന്നു. ഒരിക്കലും വിട്ടു പോകാത്ത ഓർമ്മകളായി.

തണലിനോടും മരങ്ങളോടും ഞാനെന്നേ ഗാഢമായ അടുപ്പത്തിലാണ്. "തായ് വേരിലൊരുത്തിയുടെ ഹൃദയമിടിക്കുന്നു" എന്ന കൂട്ടുകാരൻ്റെ വരികൾ വായിച്ചപ്പോഴും അത് ഇത്രത്തോളം തീവ്രമാണെന്ന് അറിഞ്ഞിരുന്നില്ല. കുട്ടിക്കാലത്തിന്റെ മധുരമുള്ള ഓർമ്മകളിൽ ഏറിയ പങ്കും മരങ്ങളോട് ചേർന്ന് നിൽക്കുന്നു എന്നതെനിക്ക് പുതിയൊരു തിരിച്ചറിവായിരുന്നു. ഞങ്ങളുടെ പഴയ കുടുംബവീട്ടിൽ ധാരാളം മരങ്ങൾ ഉണ്ടായിരുന്നു. മൂന്നാലു പേർ കൈവിടർത്തി പിടിച്ചാൽ മാത്രം തായ്ത്തടിയെ പൊതിയാൻ കഴിഞ്ഞിരുന്ന കൂഴപ്ലാവും ചെറിയ തേൻ വരിക്കയും മൂന്നാണ്ടിലൊരിക്കൽ കായ്ക്കുകയും തേനിന്റെ മധുരമുള്ള മാമ്പഴങ്ങൾ തന്ന് ചോട്ടിലെന്നെ തളച്ചിടുകയും ചെയ്തിരുന്ന മൂവാണ്ടൻ മാവും വിളയും മുന്നേ കായ്ഫലം പുഴു കുത്തി പോകുന്ന കിളിച്ചുണ്ടനും കുരുമുളക് വള്ളി പടർന്നു കയറി തന്നെ ശ്വാസം മുട്ടിച്ചിട്ടും പരാതിയേതുമില്ലാതെ നിന്നിരുന്ന ആഞ്ഞിലിപ്ലാവും ഇളം കരിക്കിനു വേണ്ടി മാത്രം നട്ടുവളർത്തിയ ചെറുതെങ്ങും അരിമുല്ലവള്ളികൾ പടർന്നു കയറി പൂവ് ചൂടിനിന്ന അടയ്ക്കാ മരവും കന്യക ചവിട്ടിയാൽ കാലം മറന്നും പൂക്കുന്ന ശോകമില്ലാത്ത അശോകവും ചേർന്ന് സമ്പുഷ്ടമായ തണലിടങ്ങൾ എനിക്ക് സമ്മാനിച്ചു. അമ്മൂമ്മയ്ക്ക് അസുഖം കൂടിയതിനെത്തുടർന്ന് ഉണ്ടായ ആശുപത്രി ചിലവുകൾ വഹിക്കാൻ വേണ്ടിയാണ് അവയെ തടിക്കച്ചവടക്കാർക്ക് കൊടുത്തത്. അശോകവും അടയ്ക്കാമരവും തെങ്ങുകളും മാത്രമാണ് പിന്നീട് ശേഷിച്ചത്. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കണ്ട ഈ കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു. ആണ്ടോടാണ്ട് നടത്തിയിരുന്ന കുരുമുളക് കച്ചവടം അങ്ങനെ അവസാനിച്ചു. അന്നൊക്കെ കുരുമുളക് എടുക്കാൻ ഒരാൾ വീട്ടിൽ വരുമായിരുന്നു. വിളവെടുക്കുമ്പോൾ ഞാനും അമ്മൂമ്മയോടൊപ്പം കൂടും. കാരണം കുരുമുളക് ചവിട്ടാൻ നല്ല രസമായിരുന്നു.  അങ്ങനെ തിരിയിൽനിന്ന്  വേർപെടുത്തിയ കുരുമുളക് മുറ്റത്ത് കൂട്ടിയിടും. 
 ശേഷം അതിന്റെ തിരി നടവഴിയിൽ കൊണ്ടിടും എത്രയേറെ ആളുകൾ അതിൽ ചവിട്ടുന്നോ അത്രയേറെ വിളവ് അടുത്തകൊല്ലം ഉണ്ടാകുമെന്നാണ് വിശ്വാസം. ഇത്തരം ആചാരങ്ങൾ നാട്ടുമ്പുറങ്ങളിൽ  ഇന്നും മുറ തെറ്റാതെ നടന്നുപോരുന്നു. 

അയൽവക്കത്തെ പറമ്പിൽ റബ്ബർ തൈ നട്ടപ്പോൾ അതിന് വെള്ളം കോരി നനച്ച് വളർത്തിയത് ഞാനാണ്. അന്നെനിക്കത് ഏറെ ഇഷ്ടമുള്ള ജോലിയായിരുന്നു. മുതിർന്നു കഴിഞ്ഞപ്പോൾ എനിക്ക് അവയോടുള്ള ഇഷ്ടം കുറഞ്ഞു. നനച്ച് വളർത്തിയതൊക്കെ മറന്നു. കാരണം ആ പറമ്പുമായി ഉണ്ടായിരുന്ന വളരെ വലിയ ആത്മബന്ധം മുറിഞ്ഞുപോയത് അവിടെ റബ്ബർ തൈ നട്ടതു കൊണ്ടാണെന്ന് അപ്പോഴേക്കും  തിരിച്ചറിവായി കഴിഞ്ഞിരുന്നു. റബ്ബർ നടുന്നതിനു മുമ്പ് അവിടം ഒരു പറങ്കാംതോട്ടമായിരുന്നു.കൂട്ടത്തിൽ തെങ്ങുകളും ഒരു പേഴും കൂടിയുള്ള ആ പറമ്പായിരുന്നു ഞങ്ങളുടെ പ്രധാന കളിസ്ഥലം. ഞങ്ങൾക്കെന്ന് സ്കൂളിൽ ശേഖരണ ബുക്ക് കാണിച്ചാൽ പ്രത്യേകം മാർക്ക് കിട്ടും! അതിനുവേണ്ടി പക്ഷി തൂവലുകളും പലതരം ഇലകളും നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിച്ചിരുന്നു. ഇങ്ങനെ ശേഖരിക്കുന്ന വസ്തുക്കൾ ബുക്കിൽ ഒട്ടിക്കുന്നതിന് ഞങ്ങൾ സാധാരണ നാട്ടിൻപുറത്തെ കുട്ടികൾ പറങ്കാവിൽ നിന്ന് വരുന്ന ഒരുതരം പശയാണ് ഉപയോഗിച്ചിരുന്നത്. അതായിരുന്നു ഞങ്ങളുടെ അന്നത്തെ ഫെവികോൾ. പറമ്പിലെത്തിയാൽ  പിന്നെ മരത്തിന്റെ ചാഞ്ഞ കൊമ്പിൽ തൂങ്ങിയാടുക, ചുണ്ണാമ്പ് വള്ളിയെന്ന് പറയപ്പെടുന്ന ഒരു തരം കാട്ടുവള്ളി കൊണ്ട് ഊഞ്ഞാല് കെട്ടിയാടുക, എത്തുന്ന കൊമ്പിൽ എല്ലാം വലിഞ്ഞു കയറുക ഇതൊക്കെയാണ് കളികൾ. കുംഭം മീനം മാസങ്ങളാണെങ്കിൽ  ഐസ് വാങ്ങാനുള്ള കാശുണ്ടാക്കാനും പറങ്കാവുകൾ തന്നെ സഹായിച്ചു.പത്ത് പറങ്ങാണ്ടി കൊടുത്ത് വരെ ഐസ് വാങ്ങിയ ദിവസങ്ങളുണ്ടായിട്ടുണ്ട് . മരക്കൊമ്പുകളിൽ വലിഞ്ഞു കയറിയിരുന്നതുകൊണ്ട് എനിക്ക് കിട്ടിയ ഓമനപ്പേരാണ് മരങ്കേറി മറിയ. പറങ്കാങ്ങ കഴിച്ചാൽ വെതിര് വരും,കച്ചിയിൽ കിടന്നു മറിഞ്ഞാൽ ദേഹം ചൊറിഞ്ഞു തെണുക്കും എന്നിങ്ങനെയുള്ള അറിവുകൾ എല്ലാം ഞാൻ സ്വന്തം അനുഭവത്തിലൂടെ നേടിയതാണ്. പറങ്കാങ്ങ പറിച്ചും മാങ്ങ പറക്കിയും ചുണ്ണാമ്പ് വള്ളിയൂഞ്ഞാല് പൊട്ടി വീണും എത്രയെത്ര അവധിക്കാലങ്ങളാണ് ആ മരച്ചോടുകളിൽ കഴിഞ്ഞുപോയത്. റബ്ബർ  വരുംവരെ അവിടം ഞങ്ങളുടെ സ്വർഗ്ഗമായിരുന്നു.

പേഴ് മരത്തിനോട് ഇഷ്ടം തോന്നുന്നത് അതിന്റെ പൂവിനോടുള്ള ഇഷ്ടം കൊണ്ടാണ്.  ഒരുതരം രൂക്ഷഗന്ധമുണ്ടായിരുന്നെങ്കിലും നേർത്ത ചന്ദന നിറവും ചുവപ്പും ചേർന്ന ആ പൂവുകൾ കാണാൻ നല്ല ഭംഗിയാണ്. കളിക്കുമ്പോൾ മിക്കപ്പോഴും എൻ്റെ കൊച്ചു വീട് ആ മരച്ചോട്ടിലാണ്.  ഞങ്ങൾ പേഴിൻ്റെ കായ കൊണ്ട് കളിവണ്ടി ഉണ്ടാക്കും. കഞ്ഞിയും കറിയും കളിക്കുമ്പോൾ കറി വെക്കാനും എടുക്കും.എൻ്റെ ചുറ്റുവട്ടത്ത് നിന്നും പേഴ് അപ്രത്യക്ഷമായിട്ട് പത്ത് പതിനഞ്ച് വർഷമായി. അതെന്തുകൊണ്ടാണ് ഇപ്പോൾ എങ്ങും ആ മരം  കാണാനില്ലാത്തത് എന്താണെന്നറിയില്ല. പക്ഷേ പേഴും അതിന്റെ പൂവും എൻ്റെ ഓർമ്മയിൽ നിന്ന് എങ്ങും പോയിട്ടില്ല.

ആ പറമ്പ് റബ്ബർ കൈയേറിയതിൽ പിന്നെ കളികളൊക്കെ സ്വന്തം മുറ്റത്തായി.  അപ്പോഴേക്കൊക്കെ  അമ്മയും  ഞാനും കുടുംബവീട്ടിൽ നിന്നും മാറി പുതിയ വീട് വച്ചിട്ടുണ്ടായിരുന്നു. മൺകട്ട കെട്ടിയ ഓലപ്പുര വീടായിരുന്നു അത്. അതിന്റെ മുറ്റത്ത് മൂന്നാല് തേക്കും ഒരു പറങ്കാവും അരണമരം എന്ന് പറയുന്ന അക്കേഷ്യയും ഉണ്ടായിരുന്നു.അക്കേഷ്യയുമായി അത്ര അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പറങ്കാവും തേക്കും നല്ല ചങ്ങാതിമാർ ആയിരുന്നു. ഓണത്തിന് പറങ്കാവിലാണ് ഊഞ്ഞാലിടുന്നത്. ഞാൻ ബാലരമ വായിച്ചിരുന്നതും മനോരമ വായിക്കാൻ തുടങ്ങിയതും അതിന്റെ ചോട്ടിൽ കിടന്നാണ്. അന്നൊക്കെ പറങ്കാവിൻ്റെ ഇല പൊഴിഞ്ഞുവീഴുന്ന ശബ്ദം പോലും ഞാൻ ആസ്വദിച്ചിരുന്നു. പലപ്പോഴും എന്നെ മനോരാജ്യങ്ങളിൽ നിന്നുണർത്തിയത് ആ ശബ്ദങ്ങളായിരുന്നു. തേക്കുമരം പൂവിടുന്ന സമയത്ത് മാത്രം ഞാനവയോട് കലഹിച്ചു. കാരണം വെളുത്ത കുഞ്ഞിപ്പൂക്കൾ തറയിൽ വീണു കിടന്നാൽ മുറ്റം തൂക്കാൻ ഭയങ്കര പാടായിരുന്നു. അപ്പോഴുണ്ടാകുന്ന അരിശം മുഴുവൻ ഞാൻ അവയോട് തന്നെ തീർത്തു. ഞങ്ങൾക്ക് പഞ്ചായത്തിന്റെ വീട് അനുവദിച്ചു കിട്ടിയപ്പോൾ അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മരങ്ങളെല്ലാം മുറിക്കുന്നത്. പടിഞ്ഞാറെ മുറ്റത്തെ തെങ്ങുകളും പ്ലാവും മാത്രം അപ്പോഴും ശേഷിച്ചു. അശോകം എനിക്കെന്നേ അന്യമായിരുന്നു. ഭാഗം ചെയ്തപ്പോൾ  അയലത്തെ പറമ്പിലായ അത്  തീ പൊള്ളലേറ്റാണ് മരിച്ചത്. 

നാടുവിട്ടുള്ള പഠനവും ഹോസ്റ്റൽ ജീവിതവും തുടങ്ങിയപ്പോൾ ഞാൻ അവയെല്ലാം മറന്നു ചുറ്റിനും ഉണ്ടായിരുന്ന ജീവജാലങ്ങളുടെ ഭാഷ മറന്നു. തേക്ക് മരത്തെ കെട്ടിപ്പിടിക്കുമ്പോൾ കിട്ടിയിരുന്ന ആനന്ദവും അവയോട് ചേർന്നിരിക്കുമ്പോൾ തോന്നുന്ന ആശ്വാസവും മറന്നു. തേക്കുമരവുമായി കൂടുതൽ അടുപ്പത്തിലാവാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. ഒരിക്കൽ എവിടെനിന്നോ ഒരു മൂങ്ങയമ്മ വന്ന് വലിയ തേക്കിന്റെ പൊത്തിൽ മുട്ടയിട്ടു. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പറക്കമുറ്റും വരെയും അവർ അവിടെത്തന്നെ ഉണ്ടായിരുന്നു. കുറച്ചു മുകളിലാണെങ്കിലും പൊത്തിലിരിക്കുന്നവരെ നന്നായി കാണാൻ പറ്റും.  മൂങ്ങക്കുഞ്ഞുങ്ങളെ കാണാൻ നല്ല ഭംഗിയായിരുന്നു.ഞങ്ങൾ വേഗം കൂട്ടായി. പുതിയ വീടുപണി തുടങ്ങിയതോടെ ആ കഥകൾക്കും തിരശ്ശീല വീണു.

 ജോലി കിട്ടിയശേഷം ഞാൻ പിന്നെ വല്ലപ്പോഴുമേ നാട്ടിൽ വരാറുണ്ടായിരുന്നുള്ളൂ. അന്ന് കൂട്ടുണ്ടായത് പടിഞ്ഞാറെ മുറ്റത്തെ വരിക്ക പ്ലാവാണ്. എന്തെങ്കിലും വായിക്കാൻ ഉണ്ടെങ്കിൽ അതിന്റെ ചുവട്ടിൽ പോയിരുന്ന് വായിക്കും. അയൽക്കാരുടെ മുറ്റത്തേക്ക് പഴുത്ത ചക്ക അടർന്നു വീഴുന്നു, കരിയിലെ വീഴുന്നു എന്നൊക്കെയുള്ള പരാതികൾ കാരണം അമ്മ അത് മുറിക്കാൻ പ്ലാനിട്ടു. അതിന്റെ പേരിൽ ഞാനും അമ്മയും പലപ്പോഴും വഴക്കുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഒടുക്കം അമ്മ തന്നെ ജയിച്ചു. കല്യാണം കഴിഞ്ഞ് ഞാനിങ്ങു പോന്നശേഷം എന്നോ ഒരിക്കൽ അമ്മയത് വെട്ടി വിറ്റു. എനിക്ക് എന്റേത് മാത്രമായിരുന്ന അവസാനത്തെ തണലിടവും നഷ്ടമായി.

മരത്തണലുകൾ നഷ്ടപ്പെടുമ്പോൾ നിങ്ങൾക്ക് വേദനിച്ചിട്ടുണ്ടോ..? എങ്കിൽ അതൊരു തീരാനഷ്ടമായി നിങ്ങളുടെ ഉള്ളിന്റെയുള്ളിൽ ഏതെങ്കിലുമൊരു കോണിലുണ്ടാവും. എന്നെങ്കിലുമൊരിക്കൽ ഓർമ്മകൾ നിങ്ങളെ ആ മരച്ചോട്ടിൽ തനിച്ചു നിർത്തും. സൂര്യനെയും കാറ്റിനെയും കൂട്ടുപിടിച്ച് മരങ്ങൾ നടത്തുന്ന നിഴൽ നാടകങ്ങൾ നിങ്ങൾ അപ്പോഴേ കാണൂ. ഇത് എത്ര മനോഹരം എന്ന് അത്ഭുതപ്പെടുമ്പോൾ തന്നെ ഇല ചാർത്തിനിടയിലൂടെ കാണുന്ന ആകാശ നീലിമ നിങ്ങളുടെ കണ്ണുകളെ കൊതിപ്പിക്കും. പക്ഷേ അപ്പോഴേക്കും ഓർമ്മകളിൽ നിന്നും നിങ്ങൾ ഉണർന്നിരിക്കും ചിലപ്പോൾ നെഞ്ചിൽ ഒരു ഭാരം തോന്നാം.. പക്ഷേ പേടിക്കേണ്ട അത് ഒരിക്കലും മാറില്ല  നമുക്ക് ചുറ്റും തണൽ തീർക്കുന്ന മരങ്ങൾ ഇല്ലാത്ത കാലത്തോളം നമ്മൾ വേദനിച്ചു കൊണ്ടിരിക്കും. കാരണം ഒരു മരം വളർന്നു തണൽ വിരിക്കാൻ പതിറ്റാണ്ടുകൾ വേണമെന്ന തിരിച്ചറിവ് നമുക്കിപ്പോൾ വന്നു കഴിഞ്ഞു.

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!