പോയിന്റ് കിട്ടിയ അടി !!!!!

 ഇന്ന് ഹോസ്റ്റലിൽ നിന്ന് റെഡിയായി ഇറങ്ങാൻ നേരം തന്നെ മഴ പെയ്തു. ശരിക്കും വാഹനങ്ങളിൽ പോകുന്നവർക്ക് നിരത്തുകളിൽ നടന്നു പോകുന്നവരെ പറ്റി യാതൊരു ചിന്തയുമില്ല. എത്ര കഷ്ടപ്പെട്ടാണെന്നോ ദേഹത്ത് ചെളി തെറിക്കാതെ കോളേജിൽ എത്തിയത്. ഈ മനുഷ്യരൊക്കെ കഴിഞ്ഞ രണ്ടു വർഷം തിരക്കുകളൊക്കെ എവിടെവച്ച് പൂട്ടിയോ ആവോ ? ഇവരെയൊക്കെ പിടിച്ചിരുത്തി ജോജു സാറിന്റെ ഒരു ക്ലാസ്സ് കേൾപ്പിക്കണം ഹൃദയവിശാലത ഇല്ലാത്ത മനുഷ്യര്...

പിന്നേ.. ഈ തലകീഴായി തൂങ്ങികിടക്കുന്ന വവ്വാലമ്മ കുഞ്ഞി വവ്വാൽ തറയിൽ വീഴാതെ എങ്ങനെയാണ് പ്രസവിക്കുന്നതെന്ന് ആർക്കേലും അറിയാമോ ? കഴിഞ്ഞ 25 വർഷത്തിനിടെ ഞാൻ അതേപറ്റി ചിന്തിച്ചിട്ടേയില്ല. നമ്മുടെ കാര്യവട്ടം ക്യാമ്പസ്സിൽ  അവിടെവിടെയായി ധാരാളം വവ്വാലുകൾ തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടുണ്ട്. എന്നിട്ട് ഒരിക്കൽപോലും കുഞ്ഞു വവ്വാലുകളെ കണ്ടിട്ടില്ലാത്തതിൽ ഇന്നെനിക്ക്  കുണ്ഠിതം തോന്നി. ജിബി ടീച്ചറാണ് ഇന്ന് ഞങ്ങളോട് ഈ ചോദ്യം ചോദിച്ചത്. പലരും പലവിധത്തിൽ കുഞ്ഞ് തറയിൽ വീഴാതെ  വവ്വാലമ്മയെ പ്രസവിപ്പിക്കാൻ നോക്കി ദയനീയമായി പരാജയപ്പെട്ടു. ഒടുക്കം ടീച്ചർ തന്നെ ഉത്തരം പറയേണ്ടി വന്നു. ചുറ്റുപാടുകളെക്കുറിച്ച് ബോധ്യമുള്ളവരാകാൻ പ്രകൃതിയിലേക്ക് ഒന്ന് കണ്ണോടിക്കാൻ  പ്രേരിപ്പിക്കാതിരുന്ന പഴയ ടീച്ചർമാരോട് എനിക്ക് സഹതാപം തോന്നി. അതുപോലെ എനിക്കങ്ങനെ ഒരു കുട്ടിയുടെയും സഹതാപം വേണ്ടെന്ന് സ്വയം തീരുമാനിക്കുകയും ചെയ്തു. ഇതിലൂടെയാണ് Teaching Compitency എന്താണെന്ന് ഞങ്ങൾ  പഠിച്ചത്.

ഇനി പോയിന്റ് കിട്ടിയ അടിയെ കുറിച്ച് പറയാം. Physical Education ക്ലാസ്സിൽ ജോർജ് സാർ ഞങ്ങളെ ഇന്ന് ഒരു ഗെയിം കളിപ്പിച്ചു വളരെ രസകരമായ, എന്നാൽ മനസ്സും ശരീരവും ഒരേപോലെ പ്രവർത്തിക്കേണ്ട ഗെയിം ആയിരുന്നു അത്. ഞങ്ങളുടെ ടീം കളിക്കാൻ ഇറങ്ങിയപ്പോൾ അധികം ബഹളക്കാരി അല്ലാത്ത അയറിൻ ആണ് ഞങ്ങളെ കളിയിൽ ജയിപ്പിച്ചത്. അവസാനഘട്ട മത്സരത്തിൽ എതിർടീമിലെ മെമ്പറെ അവൾ അടിച്ചത് കൊണ്ടാണ് ഞങ്ങൾക്ക് പോയിന്റ്  കിട്ടിയത്.അയറിന്റെ ഈ നേട്ടത്തെ പറ്റി പെട്ടെന്ന് ഓർത്തെടുക്കാനാണ്  ഈ ദിവസത്തിന്റെ ഡയറിക്ക് ഞാൻ പോയിന്റ് കൊണ്ടുവന്ന അടി എന്ന് തന്നെ പേരിട്ടത്. 

M.Ed കാരുടെ Talent Hunt ആയിരുന്നു ഇന്നത്തെ അവസാനത്തെ പ്രോഗ്രാം. വളരെ നല്ല പരിപാടിയായിരുന്നു. എല്ലാവരും ഒന്നിനൊന്ന് മെച്ചം. അടിപൊളി പാട്ടും ഡാൻസും. സമകാലിക പ്രസക്തിയുള്ള ഒരു കിടിലൻ സ്കിറ്റും അവർ അവതരിപ്പിച്ചു. നാടകത്തിന്റെ അവസാനഭാഗം വളരെ ഗൗരവമേറിയ ഒരു രംഗമായിരുന്നു. വളരെ വലിയ ഒരു തെറ്റ് ചെയ്ത മകൻ അമ്മയുടെ കാലുകളിൽ വീണ് മാപ്പപേക്ഷിക്കുന്നതാണ് സീൻ. ആ സന്ദർഭത്തിൽ അമ്മയുടെ സംഭാഷണത്തിന് നേരിയ ശബ്ദവ്യത്യാസം ഉണ്ടായി. സന്ദർഭവും സാഹചര്യവും വളരെ മാറിപ്പോയി. കാണികളായ ഞങ്ങൾക്ക് പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ ചിരി കണ്ടിട്ട് കഥാപാത്രമായി നിന്ന കുട്ടികൾക്കും ചിരി സഹിക്കാൻ കഴിഞ്ഞില്ല. സ്വതവേ ഗൗരവക്കാരനായ അച്ഛൻ കഥാപാത്രം ചെയ്ത കുട്ടി അച്ഛന്റെ അതേ ഗൗരവം വിടാതെ കുനിഞ്ഞുനിന്ന് ചിരി അമർത്തി പിടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. പക്ഷേ അതൊക്കെ തന്നെ മനോഹരമായ കാഴ്ചയായിരുന്നു. സത്യത്തിൽ ഇന്നത്തെ ദിവസത്തിന്റെ മുഴുവൻ സൗന്ദര്യവും അമ്മയുടെ കഥാപാത്രം ചെയ്ത കുട്ടിക്ക് അവകാശപ്പെട്ടതാണ്. നാടകം പൊളിഞ്ഞു പോയതിൽ നാണിച്ച് ചുവന്ന്, ചിരി അടക്കാനാവാതെ ഞങ്ങളോടൊപ്പം പൊട്ടിച്ചിരിച്ച  ആ കുട്ടിയുടെ  ചിരിയുടെ ഭംഗി വർണിക്കാൻ വാക്കുകളില്ല.നാടകം പരാജയപ്പെട്ടുവെങ്കിലും അവരുടെ ആ ചിരികൾ  കാണികൾ എന്നും ഓർത്തു വെയ്ക്കും.

NB: ഇന്നു മുഴുവൻ ക്ലാസ്സുകളിൽ മാത്രം ശ്രദ്ധിച്ചതിനാൽ പോസ്റ്റാൻ ഫോട്ടോസ് ഒന്നും തന്നെയില്ലെന്ന് അറിയിക്കുന്നതോടൊപ്പം ആയതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. കാരണം ഒരുപാട് മനോഹരമായ നിമിഷങ്ങൾ ഒപ്പിയെടുക്കാൻ സാധിക്കാതെ പോയി.

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!