ഒരു യമകണ്ടൻ കഥ!!!
01-12-21
ബുധൻ
കുറച്ചു ദിവസങ്ങളായി ബ്ലോഗെഴുത്ത് ഒരു ബാധ്യതയായി തോന്നിയിരുന്നു.കഴിഞ്ഞ ഏഴു ദിവസങ്ങൾ കർമ്മരഹിതമായല്ല കടന്നു പോയത് എഴുതാനുള്ള മടിയായിരുന്നു എല്ലാത്തിനും കാരണം. ഇവിടെ വന്നതിനു ശേഷമുള്ള ഏറ്റവും തിരക്കു പിടിച്ച ദിവസങ്ങളായിരുന്നു ഇവ.അസംബ്ലിയുടെ നടത്തിപ്പ് ചുമതലയും Talent Hunt നായുള്ള പ്രാക്ടീസുകളും ക്ലാസ്സുകളും എല്ലാം കൂടിക്കുഴഞ്ഞ മടുപ്പിക്കുന്ന ദിവസങ്ങൾ. ഏഴു മണിക്കൂർ പോലെയാണ് ഏഴു ദിവസങ്ങൾ കടന്നു പോയത്. കുറേ വിശേഷങ്ങൾ പങ്കുവെക്കപ്പെടാതെ ഫോണിന്റെ ഗാലറിയിൽ കൂടിക്കിടക്കുന്നു. അന്നേ ദിവസങ്ങളിലെ പ്രധാനപ്പെട്ട കാര്യങ്ങളെങ്കിലും പറഞ്ഞു പോയില്ലെങ്കിൽ എന്റെ എഴുത്ത് പൂർണ്ണമാകില്ല.
23/11/21
ചൊവ്വ
പേരിനു വേണ്ടി കുറച്ച് കാര്യങ്ങൾ എഴുതിയിട്ടിരുന്നു.
" നിങ്ങൾ നാളെ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ അത് ഇന്ന് ചെയ്യുക.ഇന്ന് എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ അത് ഇപ്പോൽ തന്നെ ചെയ്യുക " എന്ന അബ്ദുൽ കലാമിന്റെ സന്ദേശം ജിബി ടീച്ചർ ക്ലാസിൽ പറഞ്ഞിരുന്നു.മനഃശാസ്ത്രത്തെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങളും ചർച്ച ചെയ്തു.
"ലോകത്തെ മാറ്റിമറിക്കാനുള്ള ഏറ്റവും വലിയ ആയുധമാണ് വിദ്യാഭ്യാസം"എന്ന നെൽസൺ മണ്ടേലയുടെ വാക്കുകൾ മായടീച്ചറാണ് ക്ലാസ്സിൽ പറഞ്ഞത്.
കൃത്യമായ മോട്ടിവേഷൻ തന്ന ക്ലാസ്സായിരുന്നു ടീച്ചറുടേത്.
24/11/21
ബുധൻ
ഇന്നായിരുന്നു ആദ്യത്തെ അസംബ്ലി നടത്തപ്പെട്ടത്.എം.എഡിലെ ചേച്ചിമാർക്കായിരുന്നു നടത്തിപ്പ് ചുമതല.ഇന്നത്തെ ദിവസത്തിന്റെ മറ്റൊരു പ്രത്യേകത ഞങ്ങൾ ഒന്നാംവർഷക്കാർ ആദ്യമായി സാരി ധരിച്ച് കോളേജിൽ എത്തി എന്നുള്ളതാണ്.ശരിക്കും രസകരമായ ദിവസമായിരുന്നു.ചേച്ചിമാരുടെ അവതരണങ്ങളും നന്നായിരുന്നു.
'പ്രജ്ഞ' എന്നാണ്.അവരുടെ അസോസിയേഷന്റെ പേര്.
25/11/21
വ്യാഴം
കാകദൃഷ്ടി,ഭഗധ്യാനം,ശ്വാനനിദ്ര,ജീർണ്ണവസ്ത്രം എന്നിങ്ങനെയുള്ള വിദ്യാർത്ഥികളുടെ ലക്ഷണത്തെപ്പറ്റി സംസാരിച്ച ദിവസം.
26/11/21 വെള്ളിയാഴ്ച മഴ കൊണ്ടു പോയി.അന്ന് അവധിയായതിനാൽ കോളേജിലേക്കിറങ്ങിയ കുട്ടികൾ വീട്ടിലേക്ക് തന്നെ മടങ്ങി.ഞങ്ങൾ കുറച്ചു പേർ മാത്രം പ്രാക്ടീസിന് നിന്നു.
ഉച്ചക്ക് ശേഷം ഞാൻ വീട്ടിലേക്ക് പോയി.രാവിലെ കോളേജിലേക്കിറങ്ങിയപ്പോൾ മഴ ദിവസമായതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നു.എങ്കിലും ഉള്ള വാഹനങ്ങൾ വളരെ വേഗത്തിൽ ചീറിപ്പാഞ്ഞു.ഞാനും ഐറിനും റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട് ഏതോ ഒരു മനുഷ്യൻ തന്റെ വാഹനം നിർത്തി തന്നു. തൊട്ടു പിറകേ ചീറിപ്പാഞ്ഞു പോകാൻ തുടങ്ങിയ കാറിനെ ഹോൺ അടിച്ച് നിർത്തിച്ചു തന്നു. ചുറ്റുമുള്ള മനുഷ്യരെ സഹായിക്കാൻ പ്രേരിപ്പിക്കുന്ന മനുഷ്യത്വത്തെക്കുറിച്ചായിരുന്നു പിന്നീട് ഞങ്ങളുടെ വർത്തമാനം.വൈകുന്നേരത്തോടെ വീടെത്തി.രണ്ടാഴ്ചക്കു ശേഷമുള്ള പോക്കായിരുന്നു അത്. 27-28-29 (ശനി-ഞായർ-തിങ്കൾ) ദിവസങ്ങൾ വീട്ടിലായിരുന്നു.എഴുതാനും വേണ്ടി ഒന്നും ഉള്ളതായി തോന്നുന്നില്ല.
30/11/21
ചൊവ്വ
വ്യാഴാഴ്ച അടച്ച നോട്ട് ബുക്ക് തുറന്നത് ചൊവ്വാഴ്ച രാവിലെ ആയിരുന്നു.അന്നേ ദിവസം ഞങ്ങളോടൊപ്പം പുതിയ കുട്ടികൾ കൂടി വന്നു.പതിനഞ്ചോളം കുട്ടികൾ ഉണ്ടെന്ന് തോന്നുന്നു.എല്ലാവരേയും പരിചയപ്പെടാൻ ജിബി ടീച്ചറാണ് അവസരം തന്നത്.ഡബ്ബിംഗ് ആർട്ടിസ്റ്റായ കീർത്തി ആയിരുന്നു ഈ ദിവസത്തെ താരം.
01/12/21
ബുധൻ
ഇന്നത്തെ ദിവസം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായിരുന്നു.ഒന്നാംവർഷക്കാരുടെ ഉദ്ഘാടന അസംബ്ലി ഞങ്ങളുടേത് ആയിരുന്നു.പരിഭ്രമത്തിന്റെ കൊടുമുടിയിൽ നിന്നാണ് ഓരോ പരിപാടിയും അവതരിപ്പിച്ചത്.ഒടുവിൽ എല്ലാവരും ഞങ്ങളെ അഭിനന്ദിച്ചു.കന്നിയങ്കം വിജയിച്ച സന്തോഷത്തിലാണ് ഞങ്ങൾ.ഏറെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് അസംബ്ലി നടത്താൻ കഴിഞ്ഞത് തന്നെ വലിയ ദൈവാനുഗ്രഹമാണ്.
നമ്മൾ എത്ര കഷ്ടപ്പെടുന്നോ അതിനനുസരിച്ച് നമുക്ക് കിട്ടുന്ന ഫലവും മികച്ചതായിരിക്കും.അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ഞങ്ങളുടെ പ്രഗതി.