സ്വന്തമായൊന്ന്....
മറ്റൊന്നും വേണ്ട
എനിക്ക് ഒരു അലമാരി
സ്വന്തമാക്കണം.
നിറയെ പുസ്തകങ്ങൾ
അടുക്കി വെക്കാൻ..
കാശില്ലാതിരുന്നിട്ടും
അത്യാവശ്യം കൊണ്ട് മാത്രം
വാങ്ങി വെച്ചവയും
ആരുടെയൊക്കെയോ ദാനമായി
എന്നിലേക്ക് വന്നു ചേർന്നവയും
പിന്നീട് ആരൊക്കെയോ
സമ്മാനിച്ചവയും
അതിൽ അടുക്കി വെക്കണം
ഒപ്പം...
പ്രിയമുള്ള സ്വപ്നങ്ങൾ
എഴുതിച്ചേർത്ത
പച്ച പുറം ചട്ടയുള്ള
വായനശാലക്ക് തിരികെ കൊടുക്കാതെ
പൂഴ്ത്തിവെച്ച
ആ പുസ്തകവും.
എനിക്കൊരു അലമാരി
സ്വന്തമാക്കണം.
നിറയെ പുസ്തകങ്ങളടുക്കിയത്
ഭ്രാന്ത് പൂത്ത് ചുവക്കുന്ന
നാളുകളിൽ
നിലാവ് പെയ്യുന്ന
ഏകാന്തരാത്രികളിൽ
ഇടിമിന്നൽ വീശി
ഭയപ്പെടുത്തുന്ന രാത്രികളിൽ
എനിക്ക് കൂട്ടായിരിക്കാൻ.
മറ്റൊന്നും വേണ്ട
സ്വന്തമായി ഒരു അലമാരി
നിറയെ പുസ്തകങ്ങൾ അടുക്കിയത്.
ആശ എ.എസ്